03:30am 11 November 2026
NEWS
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സംസ്‌കരിച്ചു
19/07/2025  06:37 PM IST
nila
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സംസ്‌കരിച്ചു

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സംസ്‌കരിച്ചു. പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്നു രാവിലെ മിഥുൻ പഠിച്ചിരുന്ന സ്കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. സ്കൂളിലും വീട്ടിലുമായി ഒട്ടേറെപേരാണ് മിഥുനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്. മുഥുന്റെ അനുജൻ സുജിനാണ്  അന്ത്യകർമ്മങ്ങൾ ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളിൽവെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാൻ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. കെഎസ്ഇബിയിൽ നിന്ന് അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് മിഥുനെ താഴെയിറക്കി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്‌കൂൾ മാനേജരാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന അമ്മ സുജ വരുന്നതിന് വേണ്ടിയാണ് സംസ്‌കാര ചടങ്ങുകൾ നീണ്ടത്. ഇന്ന് രാവിലെയാണ് സുജ നാട്ടിലെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img